പുതിയ വായനാസംസ്കാരം സ്വപ്നം കാണുന്ന കൃതി. വര്‍ഷങ്ങളായി മലയാള നോവലില്‍ നിന്ന് 'ഹൈജാക്ക്' ചെയ്യപ്പെട്ട ഗ്രാമീണത്തനിമ അതിന്റെ പൂര്‍ണതയില്‍ പ്രത്യക്ഷപ്പെടുകയാണ് പാങ്ങില്‍ ഭാസ്കരന്റെ നന്ദികേശന് എന്ന നോവലില്‍.
തൃശൂരിലെ ഇയ്യാല്‍ എന്ന ഗ്രാമത്തിലെ താനുള്‍പ്പെടുന്ന മനുഷ്യരുടെ കഥ പറയുമ്പോള്‍, ഓരോ ഗ്രാമത്തിനും ദേശത്തിനും വ്യത്യസ്തമായ ആത്മാവും ഭാഷയുമുണ്ടെന്ന യാഥാര്‍ത്ഥ്യം നോവലിസ്റ്റ് തിരിച്ചറിയുന്നു.
സഹസ്രാബ്ധങ്ങളായി ദേശമണ്ണില്‍ ഉറഞ്ഞുകിടക്കുന്ന ഐതിഹ്യങ്ങളും കടങ്കഥകളുമാണ് ഏതു ദേശത്തിന്റേയും ആത്മാവ്. അതു വായിച്ചെടുക്കുവാനുള്ള ഭാഷ ദേശവുമായുള്ള ആത്മബന്ധത്തില്‍ നിന്നു മാത്രമേയുണ്ടാവൂ. ദേശത്തെ അടയാളപ്പെടുത്തേണ്ടത് പരിഷ്കൃതമായ നാഗരികഭാഷ കൊണ്ടല്ല ദേശത്തിന്റെ ആത്മഭാഷയായ ദേശപ്പേച്ചുകൊണ്ടാണ്. തസ്രാക്ക് പേച്ചുകൊണ്ട് വിജയന് ഖസാക്കിലെ നിഷ്കളങ്കരായ മനുഷ്യരെ വരച്ചുവയ്ക്കുന്നതുപോലെ ഇയ്യാല്‍ പേച്ചുകൊണ്ട് പാങ്ങില്‍ ഇയ്യാലിലെ കാപട്യമില്ലാത്ത മനുഷ്യരെ വരച്ചുവച്ചിരിക്കുന്നു.
മുഖംമൂടിയില്ലാത്ത ഈ ഭാഷ തന്നെയാണ് നോവലിലെ കഥാപാത്രങ്ങള്‍ക്കു മൗലികതയുടെ മിഴിവു നല്കാന് നോവലിസ്റ്റിനെ പ്രാപ്തമാക്കുന്നത്. ഒരു ഉണ്ടാക്കിക്കഥ പറയുകയല്ല നോവലിസ്റ്റ് ഇവിടെ. തീവ്രമായ ജീവിതാനുഭവങ്ങള്‍ ഓര്‍മ്മിച്ചെടുത്ത് നന്ദികേശനുമുന്നില് സമര്പ്പിക്കുകമാത്രം. തന്റെ കഠിനമായ ജീവിതാനുഭവങ്ങള്‍ കാന്വാസിലേക്കൊഴുകിയിറങ്ങുകയാണ്. ഒരു വാക്കിനോ വാചകത്തിനോവേണ്ടി കാത്തിരിക്കേണ്ടിവരുന്നില്ല. ജീവിതത്തില്‍ നിന്നന്യമായ യാതൊന്നും നോവലിസ്റ്റ് പറയുന്നില്ല. ഇയ്യാലിന്നപ്പുറത്തേക്ക് കൃത്രിമചക്രം വച്ച വണ്ടിയില്‍ നോവലിസ്റ്റ് സഞ്ചരിക്കുന്നതുമില്ല. പറയുന്നത് ദേശത്തിന്റെ കഥ കൂടിയാവുമ്പോള്‍ കൃത്രിമമായ ഭാവനയുടെ പന്തവെളിച്ചവും ആവശ്യമായി വരുന്നില്ല.
തീവ്രമായ വായനാനുഭവം തരുന്ന 'നന്ദികേശന് സാക്ഷി' വായനക്കാരില്‍നിന്ന് ഒരു പുതിയ വായനാസംസ്കാരം ആവശ്യപ്പെടുന്നുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നു ജീവിതം പകര്ത്തിവയ്ക്കുന്ന നാണംകെട്ട വര്‍ത്തമാനകാല കഥയെഴുത്തിനെതിരെ നോവല്‍ വിരല്‍ചൂണ്ടുന്നു.
ഗംഗാധരന് ചെങ്ങാലൂര്‍