Close
Welcome to Green Books India
Nakshathrakkavala

Nakshathrakkavala

Author: Patric Modiyano

star

Add to Basket

നാസി ആധിപത്യത്തിന്റെ നിറവില്‍ പാരീസ് നഗരത്തെ കേന്ദ്രീകൃതമാക്കിയാണ് നക്ഷത്രക്കവല എന്ന നോവല്‍ രചിച്ചിരിക്കുന്നത്. സ്വന്തം ചിന്തകളും അനുഭവങ്ങളും ജീവിതവുമെല്ലാം ഒരു ദുഃസ്വപ്നം പോലെ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്നു. തന്റെ ജന്മരഹസ്യം ഒരു പ്രഹേളികപോലെ അയാളെ നൊമ്പരപ്പെടുത്തുന്നു. ഒരു ജൂതനായി ജീവിക്കുക എന്നതിന്റെ ദുരൂഹമായ പൊരുള്‍ തേടി അയാള്‍ അലയുന്നു. നക്ഷത്രക്കവലയിലെ നക്ഷത്രചിഹ്നം ഒരു സൂചനയാണ്. ഇസ്രായേല്‍ പതാകയുടെ നീലനക്ഷത്രത്തെ നമ്മള്‍ ഓര്‍ത്തെടുക്കുന്നു ഈ നക്ഷത്രക്കവലയില്‍. നക്ഷത്രക്കവലയിലെ ജൂതകഥാനയകന്റെ പീഡനപര്‍വ്വമാണിത്.

No reviews found

പാട്രിക് മോദിയാനോ

പാട്രിക് മോദിയാനോ


പുനര്‍ജനി തേടുന്ന ആത്മാവിന്‍റെ സ്മൃതിവാതായനങ്ങള്‍.
2014-ലെ സാഹിത്യത്തിനുള്ള നോബേല്‍സമ്മാനം നേടിയ പാട്രിക് മോദിയാനോ കൃതികള്‍.
കടന്നുപോയ ഒരു ഫാസിസ്റ്റ് കാലഘട്ടത്തിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ കൂടിയാണ് അവ.    പുനര്‍ജനി തേടുന്ന ആത്മാവിന്‍റെ സ്മൃതിവാതായനങ്ങളും വിട പറച്ചിലുകളുമാണ് പാട്രിക് മോദിയാനോയുടെ കഥാലോകം.  മേഘങ്ങളില്‍പോലും മരണത്തിന്‍റെ നിഴല്‍.  ഒരു വിരഹവേദനപോലെ പോക്കുവെയിലില്‍ വിഷാദം കനത്തുനില്‍ക്കുന്നു.   ഈ ഭീകരപശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണ് പാട്രിക് മോദിയാനോയുടെ നോവലുകള്‍. ജൂതമനസ്സുകളുടെ ചുട്ടുപൊള്ളുന്ന ഭൂതകാലസ്മൃതികള്‍. ഭീതിദമായ ചരിത്രയാഥാര്‍ത്ഥ്യങ്ങളെ വെളിപ്പെടുത്തുന്നതിനുവേണ്ടി സ്വപ്നവും  മിഥ്യയും ഇടകലര്‍ത്തുന്നു. 


     "നക്ഷത്രക്കവല" എന്ന നോവല്‍ വായനയുടെ സാന്ദ്രവും ദുരൂഹവുമായ ഒരു ലോകം തുറന്നിടുന്നു. നഷ്ടസ്വപ്നങ്ങളുടെ പാരീസ് കഫേയിലേക്ക് കടന്നുവരുന്ന അനാഥയായ ലുക്കിയുടെ കഥ, "വഴിയോരക്കഫേയിലെ പെണ്‍കുട്ടി." ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് പൊടുന്നനെ ഒറ്റപ്പെട്ടുപോയ ഒരു ബാല്യത്തിന്‍റെ നിസ്സഹായതയില്‍ താനാരാണെന്നറിയാത്തവിധം മേല്‍വിലാസവും അസ്തിത്വവും നഷ്ടപ്പെട്ട ഏകാകിയായ വൃദ്ധന്‍റെ കഥ, "ഈ ചുറ്റുവട്ടത്ത് നിനക്ക് വഴിതെറ്റാതിരിക്കാന്‍." ഓഷ്വിറ്റ്സ് തടങ്കല്‍പാളയത്തില്‍ രക്തസാക്ഷിയായ ഡോറാ ബ്രൂഡര്‍ എന്ന പെണ്‍കുട്ടിയുടെ കഥ.  "ഡോറ ബ്രൂഡര്‍."  


    തന്‍റെ കഥാപരിസരങ്ങളെക്കുറിച്ച് കഥാകൃത്ത് തന്നെ പറയുന്നു; "എന്തും സംഭവിക്കുമായിരുന്നു. ആരും നിന്ദിക്കപ്പെടുമായിരുന്നു. മെട്രോ സ്റ്റേഷനില്‍ വെച്ച് ആരും വളഞ്ഞു പിടിക്കപ്പെടുമായിരുന്നു.  യുദ്ധകാലത്തെ പാരീസ് എന്ന പേടിസ്വപ്നത്തില്‍ യാദൃച്ഛികമായി പലരും  പരസ്പരം കണ്ടുമുട്ടി. അവരുടെ പാതകള്‍ ഒരിക്കലും പിന്നെ കണ്ടുമുട്ടിയില്ല. കര്‍ഫ്യൂവിന്‍റെ  ഗ്ലാനി നിറഞ്ഞ അന്തരീക്ഷത്തില്‍ അതിദുര്‍ബ്ബലവും ക്ഷണികവുമായ ബന്ധങ്ങള്‍ രൂപം കൊണ്ടു. പല ജോടികള്‍ക്കും  ഇനി തമ്മില്‍  കാണുമെന്ന പ്രതീക്ഷപോലും ഇല്ലായിരുന്നു. ഇത്തരം ഹ്രസ്വവും ക്ഷുദ്രവുമായ ബന്ധങ്ങളില്‍ കുട്ടികള്‍ പിറന്നു. അതുകൊണ്ടാണ് നാസി അധീനതയിലെ പാരീസ് ആദിതമസ്സായി എനിക്ക് അനുഭവപ്പെട്ടത്. ആ തമസ്സ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ജനിക്കുമായിരുന്നില്ല. പാരീസ് എന്നില്‍ ആവേശിച്ചിരിക്കുന്നു. എന്‍റെ എല്ലാ കൃതികളിലും പാരീസിന്‍റെ നിഴലും വെളിച്ചവും ഉണ്ട്."


    കഫേ കോന്‍ഡിയിലെ നാലു പതിവുകാരുടെ ഓര്‍മകളുടെ ആഖ്യാനത്തിലൂടെയാണ് 'വഴിയോരക്കഫേയിലെ പെണ്‍കുട്ടി' എന്ന ഈ നോവല്‍ അനാവൃതമാകുന്നത്. നോവലിന്‍റെ തുടിക്കുന്ന ഹൃദയതാളങ്ങള്‍ ആവാഹിച്ചുകൊണ്ട് വഴിതെറ്റിയ യാത്രക്കാരനെപ്പോലെ വായനക്കാരനും തന്നെ വലയം ചെയ്തുനില്‍ക്കുന്ന അഭിശപ്തമായ ജീവിതത്തിലേക്കു തിരിച്ചുപോകുന്നു. റോളാങ്ങ് എന്ന കഥാപാത്രം പാട്രിക് മോദിയാനോ എന്ന എഴുത്തുകാരന്‍റെ സ്വത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നു പറയാം. ഒരു ഭൂതകാലത്തിന്‍റെ മുഴക്കത്തിലൂടെയാണ് അദ്ദേഹം പാരീസിന്‍റെ തെരുവുകളിലൂടെ കടന്നുപോകുന്നത്. തിരക്കേറിയ സായാഹ്നങ്ങളിലും മെട്രോയിലേക്കു മനുഷ്യര്‍ ആര്‍ത്തലച്ചു പോകുന്ന മണിക്കൂറുകളിലും ഈ ഭൂതകാലത്തിന്‍റെ കാല്പാടുകള്‍ തന്നെയാണ് അദ്ദേഹത്തെ വലയം ചെയ്യുന്നത്. അതുകൊണ്ടുതന്നെ  ആ തെരുവുകള്‍ എപ്പോഴും അദ്ദേഹത്തിന് വിജനവും നിഗൂഢവുമാണ്. അദ്ദേഹത്തിന്‍റെ മറ്റുപല നോവലുകളിലും ഇതേ ആശയപരത ഒരു ആവര്‍ത്തനം പോലെ വരുന്നുണ്ട്.


    "ഡോറാ ബ്രൂഡര്‍" ഒരു ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിന്‍റെ ശൈലിയില്‍ എഴുതപ്പെട്ടത്. നാസിഭരണ പത്രത്താളിലെ "കാണാനില്ല" പരസ്യത്തില്‍നിന്ന് ഒരു അന്വേഷണാത്മകറിപ്പോര്‍ട്ട് പോലെ കഥ വികസിക്കുകയാണ്. പതിനാല് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ കഥ. അക്കാലത്ത് നടന്നിരിക്കാവുന്ന നാസിപരിശോധനകള്‍, പെണ്‍കുട്ടി കടന്നുപോയ പാരീസിന്‍റെ തെരുവുകള്‍, ഏകയായി നാസി തടങ്കല്‍ പാളയത്തിലേക്ക് അവള്‍ എത്തിപ്പെട്ട സാഹചര്യങ്ങള്‍, നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയുടെ ധര്‍മ്മസങ്കടങ്ങള്‍.  അവള്‍ ഓഷ്വിറ്റ്സ് തടങ്കല്‍ പാളയത്തില്‍ പിച്ചിച്ചീന്തപ്പെടുന്നു.


    പാട്രിക് മോദിയാനോനോവലുകള്‍ കെട്ടുറപ്പില്‍ ഉരുക്ക് പോലെ ദൃഢമായി നില്‍ക്കുമ്പോഴും ശിഥിലമായ സ്മൃതി വ്യവഹാരങ്ങളാണ്.


പാട്രിക്മോദിയാനോയുടെ കൃതികള്‍
വിവ: പ്രഭ ആര്‍ ചാറ്റര്‍ജി
* നക്ഷത്രക്കവല, നോവല്‍
* ഈ ചുറ്റുവട്ടത്ത് നിനക്ക് വഴിതെറ്റാതിരിക്കാന്‍, നോവല്‍
* വഴിയോരക്കഫേയിലെ പെണ്‍കുട്ടി, നോവല്‍
* ഡോറാബ്രൂഡര്‍ ചരിത്രത്തില്‍ ഇല്ലാത്തവര്‍, അനുഭവംഭാവഗാനംപോലെ അസാധാരണമായ ഒരു മോദിയാനോ കഥ


    പാരീസിനെ പകുത്തുകൊണ്ട് സിയോണ്‍ നദി മാത്രം ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. അറുപതുകളിലെ യുവാക്കളൊക്കെ പടുവൃദ്ധന്മാരായി മാറി. എന്നാലും ഓര്‍മകള്‍ക്കു മരണമില്ലല്ലോ. റൊളാങ്ങിന് തന്‍റെ ഓര്‍മകളില്‍നിന്ന് ലൂക്കിയെ തുടച്ചു മാറ്റാനാകുന്നില്ല. 


    "ഇപ്പോഴും ചില രാത്രികളില്‍ റോഡിലൂടെ നടക്കുമ്പോള്‍ ആരോ എന്നെ പേരു ചൊല്ലി വിളിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു. അല്പം നീട്ടിക്കുറുക്കി ഒരു പ്രത്യേകരീതിയിലാണ് അവള്‍ എന്‍റെ പേരുച്ചരിക്കാറ്. എനിക്കുടന്‍ മനസ്സിലാകും. ലൂക്കി, ലൂക്കിയുടെ ശബ്ദം. ഞാന്‍ തിരിഞ്ഞു നോക്കും. ആരുമുണ്ടാവില്ല. രാത്രികാലങ്ങളില്‍ മാത്രമല്ല, സ്ഥലകാലബോധം നഷ്ടമാവുന്ന  വേനലിന്‍റെ മധ്യാഹ്നങ്ങളിലും എനിക്ക് ഈ അനുഭവം ഉണ്ടാകാറുണ്ട്. എല്ലാം പുനരാവര്‍ത്തിക്കപ്പെടുന്നു എന്നൊരു തോന്നല്‍. അതേ ദിവസം, അതേ രാത്രി, അതേ സ്ഥലം, അതേ കൂടിക്കാഴ്ചകള്‍. നിലയ്ക്കാത്ത പുനരാവര്‍ത്തനം." 
- വഴിയോരക്കഫേയിലെ പെണ്‍കുട്ടി

About Author

Patric Modiyano

Patric Modiyano

About Patric Modiyano

1945 ജൂലൈ 30ന് ഫ്രാന്‍സില്‍ ജനിച്ചു. നാസി അധിനിവേശക്കാലത്തെ തിക്താനുഭവങ്ങള്‍ ഏറ്റു വാങ്ങിയ ഒരു ജൂതകുടുംബമാണ് പാട്രിക് മോദിയാനോയുടേത്. ഭീകരമായ ഒരു കാലഘട്ടത്തിന്റെ അധിനിവേശങ്ങളുടെയും ജീവിതസമസ്യകളുടെയും അനുഭവങ്ങളുടെയും രചനകളാണ് അദ്ദേഹത്തിന്റേത്. 2014ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം നേടി. ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ് ഫോര്‍ യൂറോപ്യന്‍ ലിറ്ററേച്ചര്‍, പ്രീ മോണ്ടിയല്‍ സിനോ ദെല്‍ ദൂക, പ്രീ ഗോണ്‍കോര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭ്യമായിട്ടുണ്ട്.