Close
Welcome to Green Books India
Ulkkadal Dweepile Neettantharangal

Ulkkadal Dweepile Neettantharangal

Author: Hamsakutty

star

ഉള്‍ക്കടല്‍ദ്വീപിലെ നിട്ടാന്തരങ്ങള്‍

Add to Basket

Book BY:Hamsakutty

ജീവിതത്തിന്റെയും ചരിത്രത്തിന്റെയും പ്രകൃതിയുടെയും ഭാഷയുടെയും നൈസര്‍ഗ്ഗീകമായ ജൈവഘടനകളെ ഇഴചേര്‍ത്തുകൊണ്ട് ഹംസക്കുട്ടി രചിച്ച ഈ ഇതിഹാസം മലയാള നോവലില്‍ അനന്യമായ സൗന്ദര്യമാണ്‌ . - ജി മധുസൂദനന്‍ ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും പുനര്‍‌വിന്യാസമാണ്‌ ഹംസക്കുട്ടിയുടെ ഉള്‍ക്കടല്‍ ദ്വീപിലെ നിട്ടാന്തരങ്ങള്‍ കലങ്ങിയൊഴുകുന്ന വര്‍ഷകാല മഴയെ ഗതകാല സ്മൃതികളോടെ നോക്കിനില്‍ക്കുന്നു ഈ എഴുത്തുകാരന്‍ , ഓര്‍മ്മകളെ വിലയേറിയ പുരാവസ്തുക്കളായി സൂക്ഷിക്കുകയും പുതിയകാല മനോഭാവങ്ങളെ ഗവേഷണ പാടവത്തോടെ ചിത്രീകരിക്കുകയും ചെയ്യുന്നു . വടക്കേ മലബാറിലെ വിവിധ സാംസ്കാരിക ചിഹ്നങ്ങളുടെ സൂക്ഷിപ്പും ഈ നോവലില്‍ ഹംസക്കുട്ടി നടത്തുന്നു . - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് .

No reviews found

ഉള്‍ക്കടല്‍ദ്വീപിലെ നിട്ടാന്തരങ്ങള്‍

ഉള്‍ക്കടല്‍ദ്വീപിലെ  നിട്ടാന്തരങ്ങള്‍


ഓര്‍മ്മകളുടെ വസന്തം


ഒരു സമൂഹത്തിന്റെ അഥവാ കൂട്ടായ്മയുടെ അനേകം നൂറ്റാണ്ടുകള്‍ വരുന്ന സ്മരണകള്‍ അയവിറക്കിക്കൊണ്ട് ജീവിക്കുന്ന ഒരു ജനതയുടെ പരിഛേദം, അതാണ് 'ഉള്‍ക്കടല്‍ദ്വീപിലെ നിട്ടാന്തരങ്ങള്‍'. കണ്ണൂരിലെ അറക്കല്‍ കെട്ടും കടലോരത്തെ സെന്റ് ആഞ്ചലോ കോട്ടയും ഖജാന കോട്ടയും പരിസരപ്രദേശങ്ങളും എല്ലാം ഉള്‍ക്കൊണ്ട ഭൂമിശാസ്ത്രപരമായ ഒരു ആവാസ കേന്ദ്രത്തിന്റെ ജീവിക്കുന്ന കഥകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു ചിത്രണം അതാണ് അഡ്വ. ഹംസക്കുട്ടി ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്. മലയാളികളായ വായനക്കാര്‍ക്ക് ഈ ഗ്രന്ഥകര്‍ത്താവ് സുപരിചിതനാണ്. പച്ചക്കുതിര എന്ന നോവലറ്റുകളും, പ്രകാശിക്കുന്ന നഗരം (മദീന മുനവ്വറ), ഭൂലോകത്തിന്റെ ഹൃദയം (മക്ക അല്‍ മുക്കറമ) എന്നീ വിവര്‍ത്തനങ്ങളും ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. ഈ ഗ്രന്ഥത്തെ നോവലെന്നോ, വംശീയ ചരിത്രമെന്നോ (ഋവേിീ ഒശേെീൃ്യ), ഫോക്‌ലോര്‍ പഠനമെന്നോ, തലമുറകളുടെ വാമൊഴി ചിത്രമെന്നോ എന്തുവേണമെങ്കിലും വിശേഷിപ്പിക്കാം. അല്ലെങ്കില്‍ അവയെല്ലാം കൂടിച്ചേര്‍ന്ന ഒരു സമൂഹത്തിന്റെ മോഹവും മോഹഭംഗവും എല്ലാം ഉള്‍ക്കൊണ്ട ഒരു യഥാര്‍ത്ഥ ചിത്രണം എന്നു കൂട്ടിച്ചേര്‍ക്കാം. അനേകം വ്യക്തികള്‍, അശരണരും ദരിദ്രരും മോഹങ്ങളില്ലാത്തവരുമായ അനേകം തലമുറകളുടെ പ്രതിനിധികള്‍, ഒരു മതത്തിന്റെയും ജീവത്തായ സംസ്‌ക്കാരത്തിന്റെയും പശ്ചാത്തലത്തില്‍ ജീവിതം വാര്‍ത്തെടുക്കുന്ന കുടുംബങ്ങള്‍, അവര്‍ക്കിടയില്‍ അധികാരത്തിന്റെയും എന്നാല്‍ സഹാനുഭൂതിയുടെയും പ്രതീകങ്ങളായ സ്ത്രീ-പുരുഷന്മാര്‍, ആത്യന്തികമായി മോഹങ്ങളും മോഹഭംഗങ്ങളുമായി ജീവിതത്തിന്റെ  ഗതി തടയപ്പെട്ടവര്‍, അവര്‍ക്കിടയിലേക്ക് ഘട്ടം ഘട്ടമായി കടന്നുവരുന്ന ആധുനികവല്‍ക്കരണത്തിന്റെ കയ്യേറ്റങ്ങള്‍, ഗള്‍ഫിന്റെ സ്വപ്നമേഖലയില്‍ സ്വന്തം ജീവിതത്തെ വാര്‍ത്തെടുക്കുന്നവര്‍ എന്നിങ്ങനെ ഈ ചിത്രണം കണ്ണൂരിലെ ഒരു സമൂഹത്തെയാണ് പരിചയപ്പെടുത്തുന്നത്. അവരില്‍ പലരെയും മനസ്സിലുറപ്പിച്ചു നിര്‍ത്താന്‍ അനുവാചകര്‍ വിഷമിക്കുമെന്നുള്ളത് തീര്‍ച്ചയാണ്. ഒരു സമൂഹത്തിന്റെ ജീവിതചിത്രമവതരിപ്പിക്കുമ്പോള്‍ ഇത്തരം ഒരു പോരായ്മ അതിന്റെ ഘടനയില്‍ അവശ്യം സംഭവിക്കാം. പ്രത്യേകിച്ചും ഇത് ഒരു നോവലെന്നതിലുപരി വിശാലമായ ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെടുത്തിയ അനേകം ഓര്‍മ്മകളുടെ ഒരു വസന്തകാലമാണ് നമ്മുടെ മുന്നിലവതരിപ്പിക്കുന്നത്. ഒരു മരം മാത്രം പൂവണിയുമ്പോള്‍ അതൊരു വസന്തകാലത്തിന്റെ പ്രതീകമാകുന്നില്ല. അതുപോലെ അനേകം പൂവണിഞ്ഞ മരങ്ങള്‍, അനേകം വ്യക്തികളുടെ ജീവിതചിത്രങ്ങള്‍ അവ ഈ കലാസൃഷ്ടിയെ ഒരു പ്രദേശത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ ചിത്രമാക്കിയിരിക്കുന്നു.


കടലും കടലോട് മല്ലടിക്കുന്ന ജീവിതങ്ങളും ജിന്നുകളിലും റൂഹാനികളിലും (അദൃശ്യ ജീവികള്‍) വിശ്വാസമര്‍പ്പിച്ചിട്ടുള്ള വ്യക്തികളും പ്രധാനമായും ഇസ്ലാമിക മതത്തിന്റെ ചട്ടക്കൂട്ടില്‍ ജീവിതം കരുപ്പിടിപ്പിക്കുന്ന ഉസ്താദുമാരും സ്‌നേഹത്തിനുവേണ്ടി ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്ന സ്ത്രീകളും പുത്തന്‍പണക്കാരും പുതുതായി ഇസ്ലാമില്‍ ചേര്‍ന്ന പുയ്സ്ലാന്മാരും അവരുടെ സാമൂഹികമായ അധഃസ്ഥിതത്വത്തെ ചൂണ്ടിക്കാട്ടുന്ന തറവാടികളും എല്ലാമടങ്ങിയ ഒരു കൂട്ടായ്മയില്‍ പരിവര്‍ത്തനവും പുരോഗതിയും മെല്ലെ മെല്ലെ പ്രത്യക്ഷപ്പെടുന്നതും എല്ലാം ഒരു നിരീക്ഷകന്റെ അസാധാരണമായ പാടവത്തോടെ ഈ ഗ്രന്ഥകാരന്‍ വിശകലനം ചെയ്യുന്നു. ഒരു നോവലിസ്റ്റിന്റെയും ചരിത്രകാരന്റെയും സര്‍ഗ്ഗശക്തിയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തെ സേവിച്ചുകൊണ്ട് ജീവിതം നയിക്കുന്ന നാട്ടുവൈദ്യന്മാരും അവിടെ അലോപ്പതിയുടെ ആവിര്‍ഭാവവും എല്ലാം അദ്ദേഹത്തിന്റെ സൂക്ഷ്മദൃഷ്ടിയിലുള്‍പ്പെടുന്നു.


ഒരു പക്ഷേ, ഒരു പ്രദേശത്തിന്റെ ഒരു കൂട്ടായ്മയുടെ കഥ അതിന്റെ ചരിത്ര പശ്ചാത്തലത്തില്‍ ഇത്രയും തന്മയത്വത്തോടെ അവതരിപ്പിച്ചത് എസ്.കെ. പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലാണെന്നു കാണാം. ബൃഹത്തായ ഒരു കാന്‍വാസ്, അവിടെ ജീവിക്കുകയും കടന്നുപോകുകയും ചെയ്യുന്ന അനേകം വ്യക്തിത്വങ്ങള്‍. ആ വ്യക്തിത്വങ്ങള്‍ ഓരോന്നും ഓരോ പ്രോട്ടോടൈപ്പ് ആണെന്നു പറയുവാന്‍ കഴിയുന്നതല്ലെങ്കിലും അതല്ലെന്നു വിലയിരുത്തുന്നതും ശരിയല്ല. കുഞ്ഞിക്കിടാവും കുസുമവും കുല്‍സുവും മൈമൂനയും കുഞ്ഞിക്കാതിരിയും ചെട്ടിച്ചിയും നമ്മുടെ ഓര്‍മ്മയില്‍ നിത്യജീവിതങ്ങളാണ്. എന്നാല്‍ അറക്കല്‍കെട്ടിലെ എളയയും അനേകം പേരുടെ ആശയും ആശ്രയവും ആയിരുന്ന ബീയും അധികാരത്തിന്റെ കോട്ടയില്‍ ജീവിക്കുമ്പോഴും സാധാരണക്കാരുടെ കണ്ണീരും ദുഃഖവും ആത്മാവില്‍ ഉള്‍ക്കൊണ്ടവരായിരുന്നു.


പോര്‍ച്ചുഗീസുകാരുടെ ആഗമനവും അവര്‍ നടത്തിയ കശാപ്പുകളും മേജര്‍ മക്‌സിയോഡിന്റെ കൊള്ളയും ഇംഗ്ലീഷുകാരുടെ കീഴടക്കലും മറ്റു പ്രദേശങ്ങളില്‍നിന്നും അറക്കല്‍ കെട്ടിലേക്കുള്ള കുടിയേറ്റവും ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനവും മറ്റുമായ ഒരു ചരിത്ര പശ്ചാത്തലത്തിലാണ് ഈ കൂട്ടായ്മയുടെ നൊമ്പരങ്ങളും സ്വപ്നങ്ങളും മോഹഭംഗങ്ങളും എല്ലാം ഗ്രന്ഥകാരന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. അവിടെ ജീവിതങ്ങളുടെ ശിശിരവും വസന്തവും അദ്ദേഹം കണ്ടെത്തുന്നു. ഓലക്കീറുകള്‍ ചരിച്ചുകെട്ടിയ ചായ മക്കാനിയുടെ സ്ഥാനത്ത് വളരെക്കാലത്തിനുശേഷം ആധുനികമായ ഹോട്ടല്‍ ഉയര്‍ന്നു വരുന്നതും ഓലക്കൂരകളുടെ സ്ഥാനത്ത് അഥവാ ചെറ്റ എന്ന ഭാഷാപദത്തിനു കാരണമായ കുടിലുകള്‍ക്കു പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ഉയര്‍ച്ചയും പായക്കപ്പലുകള്‍ (ഓടികള്‍) തച്ചന്മാര്‍ നിര്‍മ്മിക്കുകയും കടലിലിറക്കുകയും ചെയ്തിരുന്നതിനുപകരം മോട്ടോര്‍ ബോട്ടുകള്‍ ചീറിപ്പായുന്നതും ചാകര കൊയ്യുന്നതും ആത്യന്തികമായി ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റവും അവിടെ ആധുനിക വിദ്യാഭ്യാസം നേടിയതു കാരണം വിജയകരമായ ജീവിതം കെട്ടിപ്പടുക്കുന്ന ആറ്റമോനും അയാളുടെ സംരക്ഷകനായ അര്‍ബാബും അനേകം പേരെപോലെ ഗള്‍ഫില്‍ നിന്നും പുതിയ സമ്പത്തു നേടി മാര്‍ബിള്‍ സൗധം പണിത ഒസ്സാന്‍ ബീരാനും എല്ലാരും ആധുനികമായ ചരിത്രഗതിയിലെ ചില പരാമര്‍ശങ്ങള്‍ ആണെന്നു കാണാം. എന്നാല്‍ അവയെല്ലാം  മാറ്റത്തിന്റെ സന്തതികളാണ്. ഇസ്ലാമിക ലോകത്തു നടക്കുന്ന ഇറാന്‍-ഇറാഖ് യുദ്ധങ്ങള്‍, പാലസ്തീന്‍-ഇസ്രായേല്‍ കയ്യേറ്റങ്ങള്‍, അവയുടെ ദുഃഖകരമായ പരിണാമങ്ങള്‍, ഇസ്ലാമിക സ്‌പെയിനിന്റെ ഉയര്‍ച്ചയും പതനവും ഗള്‍ഫിന്റെ ചരിത്രപശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അവയെല്ലാം ഓരോ കൂട്ടായ്മയുടെയും വിധി നിര്‍ണ്ണിതാക്കളാണ്.


ഒരു സാഹിത്യ സൃഷ്ടി എന്ന നിലയില്‍ ഇസ്ലാമികമായ സാംസ്‌കാരിക സ്രോതസ്സിനെയും പരിശുദ്ധ ഖുറാന്‍ വചനങ്ങളെയും അവ ഉയര്‍ത്തുന്ന മൂല്യങ്ങളെയും തന്റെ കൃതിയില്‍ ആനുഷംഗികമായി ഓരോ അവസരവും ബന്ധപ്പെടുത്തുവാന്‍ ഗ്രന്ഥകര്‍ത്താവ് പരമാവധി ശ്രമിച്ചിട്ടുണ്ട്. അത് ഈ കൃതിയെ മറ്റു സമീപകാല രചനകളില്‍നിന്നും പല വിധത്തിലും വ്യത്യസ്തമാക്കുന്നു. ഒരു കൃതി മൂല്യബോധത്തില്‍ അടിയുറച്ചതായിരിക്കണമെന്ന ഈ ഗ്രന്ഥകര്‍ത്താവിന്റെ സമീപനം പ്രത്യേകം അഭിനന്ദനീയമാണ്. ''നിന്നില്‍ നിന്നാരംഭിച്ച് ഞാന്‍ നിന്നിലേക്കു മടങ്ങുന്നു'' എന്നുള്ള ഖുറാന്റെ ദാര്‍ശനിക വചനം മാനവ സംസ്‌ക്കാരത്തിന്റെ അടിസ്ഥാന പ്രമാണമെന്ന നിലയില്‍ ഒരു സംസ്‌ക്കാരത്തിന്റെ പ്രതിഫലനമാണ്. ഈ കൂട്ടായ്മയിലെ പല വ്യക്തിത്വങ്ങളും അത്തരം ഒരു സംസ്‌ക്കാരത്തെ ഉള്‍ക്കൊള്ളുന്നു. അവര്‍ ദരിദ്രരും ശുദ്ധാത്മാക്കളും കൂടിയാണ്.


ബൃഹത്തായ ഇത്തരം ഒരു സൃഷ്ടി, അനേകം ജീവിതങ്ങളുടെ സങ്കീര്‍ണ്ണമായ ജീവിതകഥകളുടെ ആവിഷ്‌കാരം, നമ്മള്‍ പരിചയപ്പെട്ടിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. ഈ സൃഷ്ടിയുടെ ശക്തിയും ദൗര്‍ബല്യവും ഈ പ്രത്യേകതയാണ്. ചരിത്രത്തിന്റെ ഗതിവിഗതികളും സാമൂഹ്യഘടനയിലെ പൊരുത്തക്കേടുകളും ചട്ടങ്ങളും വിശ്വാസങ്ങളും വ്യക്തികളുടെ ജീവിതത്തില്‍ കെട്ടിയേല്‍പ്പിക്കുന്ന കൂച്ചു വിലങ്ങുകളും അവ പൊട്ടിച്ചെറിയാനുള്ള പരിശ്രമങ്ങളും ഈ കൃതിയില്‍ നിഴലും നിലാവുമായി പരിണമിക്കുന്നു. ആറ്റമോനും മൈമൂനയുമായുള്ള ജീവിതബന്ധം ഒരു പുതിയ സ്വാതന്ത്ര്യത്തിന്റെ തുടക്കമാണ്. അതിന്റെ വിലയിരുത്തല്‍ ഗ്രന്ഥകാരന്റെ കര്‍ത്തവ്യമല്ല. അതൊരു സമൂഹത്തിന്റെ ജീവിതവീക്ഷണം മാത്രമാണ്.


ചരിത്രത്തിന്റെ അത്യനന്തമായ മേച്ചില്‍ സ്ഥലങ്ങളില്‍നിന്നും ഒരു സമൂഹം അതിന്റെ ഭൗതികവും ആത്മീയവുമായ വീക്ഷണത്തില്‍ നിന്നും ഉള്‍ക്കൊള്ളുന്ന പ്രചോദനത്തിന്റെ ഒരു ജീവിത ചിത്രണം അതാണ് അഡ്വ. ഹംസക്കുട്ടിയെ മറ്റനേകം ഗ്രന്ഥകാരന്മാരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. ആ വ്യത്യസ്ത സ്വഭാവമാണ് അദ്ദേഹത്തിന്റെ ക്രാഫ്റ്റ്‌സ്മാന്‍ ഷിപ്പ് അഥവാ രചനാതന്ത്രം. ഭാഷയുടെ വികാസ പരിണാമങ്ങളില്‍ സ്വയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വടക്കേ മലബാറിന്റെ സ്വന്തമായ അനേകം പദാവലി ഈ ഗ്രന്ഥത്തില്‍ അടിക്കുറിപ്പോടെ കൈകാര്യം ചെയ്തു കാണാം. ആ പദങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ മറ്റൊരു വിധത്തില്‍ സംസാരിക്കുകയാണെങ്കില്‍ അതൊരു പൊരുത്തക്കേടുകൂടിയായി മാറുമായിരുന്നു. പക്ഷേ, അവയെ സന്ദര്‍ഭോചിതം ഉപയോഗിക്കുന്ന ഗ്രന്ഥകര്‍ത്താവിന്റെ രചനാതന്ത്രം അഭിനന്ദനീയമാണ്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.


എറണാകുളം ഡോ. കെ.കെ.എന്‍. കുറുപ്പ്
5-6-2013 (മുന്‍ വൈസ് ചാന്‍സലര്‍)
ഹോണ. ഡയറക്ടര്‍, മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്, വടകരAbout Author

Hamsakutty

Hamsakutty

About Hamsakutty