Close
Welcome to Green Books India
SisyphusPuraanam

SisyphusPuraanam

Author: Albert Camus

star

സിസിഫസ് പുരാണം

Add to Basket

ALBERT CAMU

ആല്‍ബേര്‍ കാമു ഇരുപതാം നൂറ്റാണ്ട് ദർശിച്ച മഹാപ്രതിഭാശാലിയായ സാഹിത്യകാരന്മാരിൽ അഗ്രേസരനായ ആൽബർട്ട് കാമുവിന്റെ വിഖ്യാത രചന.യുവത്വത്തെ സ്പർശിക്കുന്ന കാമുവിന്റെ രചനാസൗഷ്ഠവവും ആന്തരിക ഗൗരവവും ഈ കൃതിയെ ശ്രേഷ്ഠതയിലേക്കുയർത്തുന്നു.കാപട്യത്തിന്റെ പൊയ്ക്കലുകളിൽ ഏറിനിന്ന് ഉയരങ്ങൾ തേടാനുള്ള വ്യഗ്രതയിൽ കൈമോശംവരുന്ന മനുഷ്യന്റെ അന്തസ്സത്തയെ പതനനത്തിന്റെ പടുകുഴിയിലാഴുന്നത് നാംതന്നെയാണെന്ന് തിരുച്ചറിയുന്നു. കന്മുവിന്റെ ആദർശവാദവും നാസ്തികത്വവും അനുകമ്പയും പൊതുതാത്പര്യങ്ങളും സ്വകാര്യാർത്ഥ തലങ്ങളും നിഷേധത്തോടുള്ള വിശ്വാസവും, പരിമിതികളെക്കുഋഇച്ചറിയാനുള്ള തിരിച്ചറിവും ഉദാത്തമായ രീതിയിൽ സമന്വയിച്ച രചന.
വിവർത്തനം:പ്രഭാ ചറ്റർജി

No reviews found

സിസിഫസ് പുരാണം

സിസിഫസ് പുരാണം

മുഖവുര    -    പ്രഭാ ആര്‍. ചാറ്റര്‍ജി


അനന്തമജ്ഞാതമവര്‍ണനീയം 
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം 
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന 
മര്‍ത്ത്യന്‍ 'കഥ'യെന്തറിഞ്ഞു?
              (കണ്ണുനീര്‍ത്തുള്ളി, നാലാപ്പാട്ട് നാരായണമേനോന്‍)


ആ 'കഥ' എന്തെന്നറിയാനുള്ള ശിശുസഹജമായ കൗതുകം ഗൃഹാ തുരത്വമായി മനുഷ്യമനസ്സിനെ അസ്വസ്ഥമാക്കുന്നു. ആദിമധ്യാന്ത ങ്ങള്‍ ക്രമമായി ചിട്ടപ്പെടുത്തിയ കെട്ടുറപ്പുള്ള കഥയാണ് മനുഷ്യ മനസ്സ് തേടുന്നത്. കഥയന്വേഷിച്ചുള്ള പര്യവേഷണത്തില്‍ ചിന്ത കള്‍ ഒടുവില്‍ എത്തിനില്ക്കുന്ന മരുഭൂമിയില്‍ എല്ലാം കഥ യാണെന്നും ഒന്നും കഥയല്ലെന്നുമുള്ള വിചിത്രമായ അവസ്ഥാ വിശേഷമാണുള്ളത്. സംഭ്രാന്തിയുളവാക്കുന്ന ആ മരുഭൂമിയില്‍നിന്ന് രക്ഷപ്പെടാന്‍ മനുഷ്യമനസ്സിനു സമക്ഷം തുറക്കപ്പെടുന്ന മാര്‍ഗ്ഗ ങ്ങളിലേക്കും അവയുടെ യുക്തിയുക്തതയിലേക്കും കമ്യു വെളിച്ചം വീശുന്നു.


സംഭ്രാന്തമായ, ആലംബഹീനമായ മനുഷ്യമനസ്സിന് ചാരിനില്ക്കാന്‍ താങ്ങു വേണം. മനസ്സ് പലതും സങ്കല്പിച്ചെടുക്കുന്നു. ആ സങ്കല്പങ്ങളിലെല്ലാം മനുഷ്യാതീതമായ എന്തോ ഒന്നുണ്ട്, അതു പ്രദാനം ചെയ്യുന്ന സമാശ്വാസത്തില്‍ അന്തച്ഛിദ്രമില്ലാതെ അവന്‍ ജീവിതം നയിക്കുന്നു, അവിരാമവും അനിവാര്യവുമായ ദിനചര്യകളില്‍ അവന്‍ സ്വയം നഷ്ടപ്പെടുന്നു, അവയ്ക്ക് അര്‍ത്ഥവും ആഴവും വ്യാപ്തിയുമുണ്ടാക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, മനസ്സില്‍ കുമിഞ്ഞുകൂടുന്ന അപകര്‍ഷതാബോധവും അരക്ഷിതാബോധവും എന്നെങ്കിലു മൊരിക്കല്‍ 'എന്തിനിതൊക്കെ? എന്ന ചോദ്യത്തിന് പ്രേരകമാകും. അത്തരുണത്തില്‍, ജീവിതം നിരര്‍ത്ഥകമാണ് എന്ന ബോധം അവനുണ്ടായെന്നു വരും. അത് അവനെ ആത്മഹത്യക്ക് പ്രചോദിപ്പിക്കുമോ? അതോ ആ ചോദ്യത്തിന്റെ ഗുരുത്വം അവന്റെ യുക്തിയെ കീഴടക്കി മനുഷ്യാതീതമായ എന്തോ ഒന്നിലെ വിശ്വാസത്തെ പുനഃപ്രതിഷ്ഠിക്കുമോ? അതോ നിരര്‍ത്ഥകതയെ ഒരു വിശ്വാസമായി അംഗീകരിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുമോ? എന്തൊക്കെയാവും നിരര്‍ത്ഥകതയുടെ, അത്തരമൊരു വിശ്വാസ ത്തിന്റെ ലക്ഷണങ്ങള്‍, പ്രത്യാഘാതങ്ങള്‍, പരിണതഫലങ്ങള്‍? ഈ മേഖലകളിലേക്കുള്ള ഒരു പര്യടനമാണ് സിസിഫസ് പുരാണം. കാല്പനിക കഥാപാത്രങ്ങള്‍, വൈവിധ്യമാര്‍ന്ന കര്‍മ്മമേഖലകള്‍, സാഹിത്യസൃഷ്ടികള്‍ അവയുടെ രചയിതാക്കള്‍ ഇതൊക്കെ കാമു വിശകലനത്തിനെടുക്കുന്നു.


ഗ്രീക്കു പുരാണകഥാപാത്രമായ സിസിഫസും നാറാണത്തു ഭ്രാന്തനും ഒരേ ആശയത്തിന്റെ പ്രതീകങ്ങളാണ്. ഒരു വ്യത്യാസമേയുള്ളൂ. നാറാണത്തു ഭ്രാന്തന്‍ സ്വേച്ഛയാ ചെയ്യുന്നത് സിസിഫസിന് ദൈവ ശാപമായി കിട്ടിയതാണ്. ഭാരിച്ച പാറക്കല്ലുരുട്ടി മലമുകളിലെത്തി ക്കണം. പിന്നെ അവിടന്ന് താഴേക്ക് ഉരുട്ടിയിടണം. ഈ പ്രവൃത്തി അവിരാമം ചെയ്തുകൊണ്ടിരിക്കുക. ശുദ്ധ അസംബന്ധം! അല്ലാതെന്തു പറയാനാണ്. നിരര്‍ത്ഥകതയ്ക്ക് ഇതിലും അനു യോജ്യമായ മറ്റൊരു പ്രതീകവും കാമുവിനെന്നല്ല ആര്‍ക്കും കണ്ടെ ത്താനാവില്ല. നിഷ്ഫലവും ആശയറ്റതുമായ പ്രയത്‌നത്തേക്കാള്‍, അത് ശാരീരികമോ മാനസികമോ ആയ്‌ക്കൊള്ളട്ടെ, വലിയ ശിക്ഷ യില്ലെന്ന് ദൈവങ്ങള്‍ക്കും (മനുഷ്യര്‍ക്കും) ബോധ്യപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും സിസിഫസ് സന്തുഷ്ടനാണെന്ന നിഗമനത്തിലാണ് കാമു എത്തിച്ചേരുന്നത്. എന്തുകൊണ്ടല്ല? ഈശ്വരന്മാരെ ധിക്കരി ക്കാനുള്ള തന്റേടം പ്രദര്‍ശിപ്പിച്ച സിസിഫസും അവന്റെ പിന്‍ഗാമി യായ മനുഷ്യനും ആജീവനാന്തം ആ ചുമടേറ്റ് കഷ്ടപ്പെടുകയില്ല. ആ ഭാരത്തെ ലഘൂകരിക്കാന്‍, യാത്രയെ ആസ്വാദകരമാക്കാന്‍, എന്തിന് ഇറക്കിവെക്കാനോ, തവിടുപൊടിയാക്കാനോ പോലുമുള്ള അനന്തമായ സാധ്യതകള്‍ അവന്റെ ചിന്തയിലുദിക്കും. ആ സാധ്യതകളെ പ്രായോഗികമാക്കാനുള്ള ധിഷണാശക്തി അവനുണ്ട്. ധിക്കാര മനോഭാവത്തോടൊപ്പം നിസ്സംഗതയും ക്ഷണികമായ അഭിനിവേശങ്ങളുമാണ് നിരര്‍ത്ഥകബോധത്തിന്റെ മറ്റു പരിണത ഫലങ്ങള്‍. പക്ഷേ, മനസ്സിന്റെ വാതായനങ്ങള്‍ എത്ര ഭദ്രമായി കൊട്ടിയടച്ചാലും പ്രത്യാശ അകത്തേക്കു പ്രവേശിക്കുന്നുവെന്ന സത്യം ഒരു തരത്തിലും മറച്ചുവെക്കാനാകില്ല. ഒരു വികൃതിക്കുട്ടിയെ പ്പോലെ അതവിടെക്കിടന്നു കളിക്കുന്നു. ധിക്കാരമനഃസ്ഥിതിപോലെ പ്രത്യാശയും സ്വയംഭൂവാണെന്നു വരുമോ?


ഈ പുസ്തകത്തിലൊരിടത്ത് കമ്യു ഇങ്ങനെ പറയുന്നു: ഈ കലാകാരന്റെ സൃഷ്ടികളെ ഒറ്റക്കൊറ്റക്കല്ല വിലയിരുത്തേണ്ടത്. കലാകാരന്റെ മനസ്സില്‍ ഒരു ചിന്താബീജം അനുനിമിഷം വികസിച്ചു കൊണ്ടേയിരിക്കുന്നു, സാഹചര്യങ്ങള്‍ക്കനുസൃതമായി രൂപാന്തരത്വം പ്രാപിച്ചുകൊണ്ടേയിരിക്കുന്നു, അവ പലവിധ രൂപഭാവങ്ങളില്‍ വര്‍ണങ്ങളില്‍ അവന്റെ സൃഷ്ടികളില്‍ പ്രതിഫലിക്കുന്നു. അതു കൊണ്ട് രചനകളെ ഒറ്റക്കെട്ടായെടുത്തു നോക്കിയാല്‍ മാത്രമേ ആ ചിന്തയുടെ രൂപഭാവങ്ങള്‍ മുഴുവനായും മനസ്സിലാക്കിയെടുക്കാനാവൂ. കമ്യുവിന്റെ കൃതികളെ ഒന്നിച്ചു പ്രത്യവലോകനം ചെയ്യുമ്പോള്‍ നമുക്ക് ഈ സത്യം മനസ്സിലാകും. വിരോധാഭാസങ്ങള്‍ നിറഞ്ഞ മായാപ്രപഞ്ചം, ജീവിതമെന്ന പ്രഹേളിക, അതിന് അര്‍ത്ഥം കണ്ടെ ത്താന്‍ മനുഷ്യര്‍ പെടുന്ന പാട്, അതിനുവേണ്ടി കെട്ടിച്ചമയ്ക്കുന്ന ചട്ടക്കൂടുകള്‍, സ്വതന്ത്ര ചേതനയെ ആ ചട്ടക്കൂടുകളില്‍ തളച്ചി ടാനുള്ള ബദ്ധപ്പാട് ഇവയൊക്കെ കമ്യുവിന്റെ രചനകളില്‍ ആവര്‍ ത്തിച്ചാവര്‍ത്തിച്ചു പ്രകടമാകുന്ന ചില ആശയങ്ങളാണ്. എങ്കിലും കാലക്രമേണ ഇവയ്ക്ക് ഒട്ടേറെ നിറഭേദങ്ങളുണ്ടായി. ആദ്യകാല കൃതികളില്‍ ജീവിതസാരമന്വേഷിക്കുന്ന ഏകാന്തപഥികനേയും അവസാനകാലത്തെ രചനകളില്‍, സംഘടിതമായ അന്യായ ങ്ങള്‍ക്കെതിരായി ധാര്‍മിക രോഷം കൊള്ളുന്ന സമൂഹജീവി യേയുമാണ് നാം കാണുന്നത്. പ്രത്യാശയെക്കുറിച്ച് സിസിഫസ് പുരാണത്തില്‍ കാണുന്ന മനഃസ്ഥിതിയല്ല ഏറ്റവും അവസാന ത്തെ രചനയായ പ്രഥമമനുഷ്യനില്‍ പ്രകടമാകുന്നത്. ''ഒരൊറ്റ പ്രത്യാശ, അന്ധമായ പ്രത്യാശ മാത്രം, നിത്യസാധാരണതകള്‍ക്കു പരിയായി തന്നെയെടുത്തു പൊക്കി, ഇത്രയുംകാലം ഊട്ടിവളര്‍ത്തി, അക്ഷീണം പ്രോത്സാഹിപ്പിച്ച്, ഏതു വിഷമഘട്ടത്തിലും ഒപ്പംനിന്ന അദൃശ്യശക്തി, അക്ഷയമായ ഉദാരതയോടെ ജീവിക്കാനുള്ള കാരണങ്ങള്‍ പ്രദാനം ചെയ്ത അതേ അദൃശ്യശക്തിതന്നെ മതി യായ കാരണങ്ങള്‍ കാട്ടി അന്തച്ഛിദ്രമില്ലാതെ വാര്‍ധക്യത്തി ലേക്കും മരണത്തിലേക്കും തന്നെ നയിക്കും.'' (പ്രഥമമനുഷ്യന്‍: ആല്‍ബേര്‍ കാമു, ഗ്രീന്‍ ബുക്‌സ് 2013)


ജീവിതരഹസ്യങ്ങളന്വേഷിച്ച് ചെന്ന തന്നെ ശാസ്ത്രം നിരാശപ്പെടു ത്തിയ കഥ കാമു പറയുന്നു. ''നിങ്ങള്‍ അതെനിക്ക് വിശദീകരിച്ചുതരുന്നു, വര്‍ഗീകരിക്കാന്‍ പഠിപ്പിക്കുന്നു. നിങ്ങള്‍ അതിന്റെ നിയമങ്ങള്‍ എണ്ണിയെണ്ണി ഇനംതിരിച്ച് തിട്ടപ്പെടുത്തുന്നു; ഞാനോ, ജ്ഞാനസമ്പാദനത്തിനുള്ള തൃഷ്ണകൊണ്ട് അതൊക്കെ സത്യമാണെന്നു സമ്മതിക്കുന്നു. നിങ്ങള്‍ അതിന്റെ ഘടകങ്ങള്‍ അഴിച്ചുകാട്ടുന്നതോടെ, എന്റെ പ്രതീക്ഷ വര്‍ധിക്കുന്നു. അവസാനം നിങ്ങളെന്നെ പഠിപ്പിക്കുന്നു, വര്‍ണപ്പൊലിമയുള്ള ഈ വിസ്മയ ലോകം ഒരു അണുവായി ചുരുങ്ങുന്നെന്ന്, അണു പിന്നീട് ഇലക്‌ട്രോണായും. ഇതൊക്കെ നല്ലതുതന്നെ, നിങ്ങളില്‍നിന്ന് കൂടുതല്‍ കേള്‍ക്കാനായി ഞാന്‍ കാത്തിരിക്കുന്നു. പക്ഷേ നിങ്ങള്‍ പിന്നെ പറയുന്നത് അദൃശ്യമായ ഗ്രഹസമുച്ചയത്തെക്കുറിച്ചാണ്, അതില്‍ ഇലക്‌ട്രോണുകള്‍ ന്യൂക്ലിയസ്സിനു ചുറ്റും ഭ്രമണം നടത്തുന്നു. നിങ്ങള്‍ ഒരു പ്രതിച്ഛായയിലൂടെ ഈ ലോകത്തെ എനിക്കു വിവരിച്ചു തരുന്നു. എനിക്കു ബോധ്യമാകുന്നു. നിങ്ങള്‍ കവിതയിലേക്കു ചുരുങ്ങി യിരിക്കുന്നു: എനിക്ക് അതൊരിക്കലും മനസ്സിലായെന്നു വരില്ല. എനിക്ക് ധാര്‍മികരോഷം തോന്നേണ്ട സമയമായോ? നിങ്ങള്‍ ഇതിനിടയില്‍ സിദ്ധാന്തങ്ങള്‍ മാറ്റിമറിച്ചിരിക്കുന്നു. എന്നെ എല്ലാം വിശദമായി പഠിപ്പിക്കേണ്ടിയിരുന്ന ശാസ്ത്രം ഒരു അനുമാന ത്തിലെത്തി നില്ക്കുകയാണ്. സ്പഷ്ടത ആലങ്കാരികതയില്‍ അകപ്പെട്ട് വിമ്മിഷ്ടപ്പെടുന്നു.'' ഏതാണ്ട് മൂന്നു ദശകങ്ങള്‍ക്കുശേഷം കമ്യുവിന്റെ സുഹൃത്തും നോബല്‍ പുരസ്‌കാര ജേതാവുമായ ഷാക് മൊണോഡ് എന്ന ഫ്രഞ്ചു ശാസ്ത്രജ്ഞന്‍ ആധുനിക ജൈവ ശാസ്ത്രത്തിന്റെ ദാര്‍ശനികതയെപ്പറ്റി 'യാദൃച്ഛികതയും അനിവാര്യതയും' എന്ന പുസ്തകമെഴുതി. (Chance and Necessity - Jacques Monod, Vintage Books, 1972, ISBN 978-0394718255) പുസ്തകത്തിന്റെ മുഖവുരയില്‍ സിസിഫസ് പുരാണത്തിലെ അവസാനത്തെ രണ്ടു ഖണ്ഡികകള്‍ ഉദ്ധരിക്കുകയുണ്ടായി.
സിസിഫസ് പുരാണം തിടുക്കപ്പെട്ട് ഒറ്റയിരിപ്പിന് എഴുതിത്തീര്‍ത്ത പുസ്തകമല്ലെന്നും 1938 മുതല്‍ നാലു വര്‍ഷത്തോളം കാമു ഇതിന്റെ രചനയിലേര്‍പ്പെട്ടിരുന്നെന്നും കാമുവിന്റെ ജീവചരിത്ര മെഴുതിയ ഒലിവിയര്‍ ടോഡ് പ്രസ്താവിക്കുന്നു. ദ്വിഗ്വിജയം എന്ന അധ്യായത്തില്‍ രണ്ടാംലോകമഹായുദ്ധത്തിന്റെ നിഴലുകള്‍ വീണു കിടക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. (Albert Camus: Une Vie Life by Olivier Todd, Gallimard Publishers, Paris 1996)


സിസിഫസ് പുരാണം ഒക്‌ടോബര്‍ 1942-ലാണ് ഗലിമാഡ് (പാരിസ്) പ്രസിദ്ധീകരിച്ചത്. രണ്ടാം ആഗോളയുദ്ധത്തിന്റെ മൂര്‍ധന്യദശയില്‍. ഫ്രാന്‍സ് ജര്‍മ്മനിയുടെ മുഷ്ടിക്കുള്ളില്‍ ഞെളിപിരി കൊള്ളുന്ന സമയം. ആദ്യത്തെ പതിപ്പില്‍ കാഫ്കയുടെ കൃതികളെക്കുറിച്ചുള്ള അപഗ്രഥനം ഉള്‍പ്പെടുത്തിയിരുന്നില്ല. കാരണം എല്ലാവിധ പ്രസിദ്ധീകരണങ്ങളും ജര്‍മ്മന്‍ അധികാരികളുടെ കടുത്ത സെന്‍സര്‍ഷിപ്പിന് വിധേയമായിരുന്നു. കാഫ്ക ജൂതനായിരു ന്നതിനാല്‍ വിവാദങ്ങളും ഒരുപക്ഷേ പുസ്തകത്തിനെതിരെ നിരോധനാജ്ഞ തന്നെ ഉണ്ടായേക്കാമെന്നും പ്രസാധകര്‍ ശങ്കിച്ചു. അവരുടെ അഭിപ്രായത്തിന് കാമുവിന് ഗത്യന്തരമില്ലാതെ സമ്മതി ക്കേണ്ടിവന്നു. വില്പനയ്‌ക്കെത്തിയ പുസ്തകത്തിന് 'സിസിഫസ് അഥവാ നരകത്തില്‍ നിര്‍വാണം' എന്ന ഒരു പേപ്പര്‍ വലയം ഉണ്ടായിരുന്നത്രെ.


പരിഭാഷയെപ്പറ്റി: യുക്തിചിന്ത, ചര്‍ച്ചാവിഷയമാകുമ്പോള്‍ പ്രതി പാദ്യത്തിന് തര്‍ക്കശാസ്ത്രത്തിന്റെ ചടുലതയും ജടിലതയും സ്വാഭാവികമാണ്. കാമുവിന്റെ തനതായ ശൈലി പരിഭാഷയില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.


കാമുവിന്റെ അടിക്കുറിപ്പുകള്‍ അതേപടി ചേര്‍ത്തിട്ടുണ്ട്. പരിഭാഷക യുടെ വക കുറിപ്പുകള്‍ക്ക് (പ) എന്ന സംജ്ഞ ഉപയോഗിച്ചിട്ടുണ്ട്.


About Author

Albert Camus

Albert Camus

About Albert Camus

അള്‍ജീരിയയില്‍ 1913ല്‍ ജനനം. ബാല്യകാലം ദാരിദ്ര്യത്തി ന്റേതായാലും അസന്തുഷ്ടമായിരുന്നില്ല. അള്‍ജിയേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫിയില്‍ പഠനം. പിന്നീട് പത്രപ്രവര്‍ത്തകനായി. Theatre de lequipe എന്ന അവാന്ത് ഗാര്‍ഡെ (Avant-Garde) തിയ്യറ്റര്‍ ഗ്രൂപ്പിന് ജന്മം നല്‍കി. 1939ല്‍ കലിഗുള എന്ന നാടകം അവതരിപ്പിച്ചു. പാരീസ് സോയര്‍ എന്ന പത്രത്തില്‍ ജോലി ചെയ്തിരുന്നു. പാരീസില്‍വെച്ചാണ് കാമുവിന്റെ വിഖ്യാതരചനകളായ ദി ഔട്ട്‌സൈഡര്‍, മിത്ത് ഓഫ് സിസിഫസ് എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടത്. 1941ല്‍ ജര്‍മ്മനിയുടെ ഫ്രഞ്ച് അധിനിവേശത്തെ തുടര്‍ന്ന് രൂപപ്പെട്ട പ്രതിരോധസമരങ്ങളുടെ ബൗദ്ധിക നേതാക്കളില്‍ ഒരാളായിരുന്നു കാമു. ഒളിപ്പോരാളികള്‍ക്കുവേണ്ടിയുള്ള കോംബാറ്റ്(Combat) എന്ന പത്രത്തിന്റെ പ്രാരംഭത്തിലും തുടര്‍പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായി. യുദ്ധത്തിനുശേഷം എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുംദ പ്ലേഗ് (1947), ദ ജസ്റ്റ് (1949), ദ ഫോള്‍ (1956) മുതലായ കൃതികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അമ്പതുകളുടെ ഒടുവില്‍ നാടകപ്രവര്‍ത്തനങ്ങളിലേക്കു തിരിച്ചെത്തുകയും റെക്യും ഫേറര്‍ എ നണ്‍(Faulkner), ദ പൊസെസ്ഡ് (Dostoyevsky) മുതലായ കൃതികളുടെ നാടകരൂപം അവതരിപ്പിക്കുകയും ചെയ്തു. 1957ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചു. ഒരു വാഹനാപകടത്തില്‍ 1960ല്‍ കാമു അന്തരിച്ചു