Close
Welcome to Green Books India
Kaboolile Narayanapakshikal

Kaboolile Narayanapakshikal

Author: Yasmina Khadra

star

കാബൂളിലെ നാരായണപക്ഷികൾ

Add to Basket

Translation of Les hirondelles de Kaboul by Yasmina Khadra

No reviews found

കാബൂളിലെ നാരായണപക്ഷികള്‍

കാബൂളിലെ നാരായണപക്ഷികള്‍

'ബാഗ്ദാദിലെ വിലാപങ്ങള്‍'ക്കും 'ആക്രമണ'ത്തിനും ശേഷം യാസ്മിനാ ഖാദ്രായുടെ പുതിയ ഐതിഹാസികനോവല്‍

    യാസ്മിനാ ഖാദ്രയുടെ 'കാബൂളിലെ നാരായണപക്ഷികള്‍' നോവല്‍ ഉള്‍ക്കിടിലം സൃഷ്ടിക്കുന്ന ഒരു വായനാനുഭവമാണ്. ദൈവത്തിന്‍റെ ആളുകളുടെ അധികാരം എങ്ങനെയുള്ളതായിരിക്കും? അധികാരത്തിന്‍റെ ചാട്ടവാര്‍ ചുഴറ്റിക്കൊണ്ട് തീവ്രവാദിതാടിയും തലേക്കെട്ടുമുള്ള മൊല്ലാക്കമാരായിരിക്കും നിങ്ങളുടെ ജീവിതത്തിനു മുകളില്‍ വിധിപ്രഖ്യാപനം നടത്തുക. അവര്‍ കെട്ടിപ്പൊക്കിയ നുണകളായിരിക്കും നിങ്ങളുടെ യാഥാര്‍ത്ഥ്യമായി മാറാന്‍ പോകുന്നത്. നിങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ ആരും ഉണ്ടാവില്ല. നിങ്ങളുടെ ഭാഗം പറയാനുള്ള ഒരവസരവും അവര്‍ നിങ്ങള്‍ക്കു വിട്ടുതരികയുമില്ല. നിങ്ങളുടെ സത്യാവസ്ഥ അറിയുന്ന ആരെങ്കിലും മുന്നോട്ടു വന്നാലും അതു ഫലിക്കുകയില്ല. അയാളും തടവറയുടെ ഇരുട്ടിലേക്കു തള്ളപ്പെടും. കൊല്ലപ്പെടും. യാസ്മിന ഖാദ്രയുടെ ഈ നോവലില്‍ ജനക്കൂട്ടം കല്ലെറിഞ്ഞു കൊല്ലുന്നത് ജീവിതത്തിന്‍റെ അര്‍ത്ഥരാഹിത്യത്തിന്‍റെ മുന്നില്‍ അന്ധാളിച്ചു നില്‍ക്കുന്ന പാവപ്പെട്ട ഒരു സ്ത്രീയേയാണ്. അവള്‍ ആസകലം ഒരു പര്‍ദ്ദയില്‍ മറയ്ക്കപ്പെട്ടു നില്‍ക്കുകയാണ്. നാല്‍ക്കവലയില്‍ അരവരെ അവളെ മണ്ണില്‍ കുഴിച്ചുനിറുത്തിയിരിക്കുകയാണ്. ഖാലിസ്ഥാന്‍ മൊല്ലാക്ക അവള്‍ ചെയ്ത പാപങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് പിന്‍വാങ്ങുന്നതോടെ, ജനക്കൂട്ടം അവളെ ആര്‍പ്പുവിളികളോടെ കല്ലെറിഞ്ഞു കൊല്ലുകയാണ്. ചോരച്ചീളുകള്‍ തെറിപ്പിച്ചുകൊണ്ട് ഊക്കോടെ വന്നുവീഴുന്ന കല്ലുകള്‍ക്കു മുന്നില്‍ നരകവേദനയുടെ ഗര്‍ത്തത്തില്‍ അവള്‍ മരിച്ചുവീഴുന്നു...


    നോവല്‍ അവസാനിക്കുന്നതും മറ്റൊരു സ്ത്രീയെ ഇതേപോലെ ദാരുണമായി കല്ലെറിഞ്ഞു കൊല്ലുന്നതോടെയാണ്. അതും ഖാലിസ്ഥാന്‍റെ ഭരണത്തോടെ ജോലി നഷ്ടപ്പെട്ട നിയമബിരുദമെടുത്ത ഒരു സ്ത്രീ. പക്ഷേ, പര്‍ദ്ദയുടെ മറവില്‍ അവള്‍ക്കുവേണ്ടി ഒരു പകരക്കാരിയാണ് മരിച്ചുവീഴുന്നത്. വായനക്കാരനെ ഒരു പ്രഹേളികയുടെ മുനമ്പില്‍ കൊണ്ടുനിറുത്തുന്നു നോവലിന്‍റെ അവസാന ഭാഗങ്ങള്‍. തിളച്ചുമറിയുന്ന ഒരു ഉന്മാദാവസ്ഥയില്‍ വായനക്കാരനും പകച്ചുപോകുന്നു.


    യാസ്മിനാ ഖാദ്രായുടെ 'ബാഗ്ദാദിലെ വിലാപങ്ങള്‍' 'ആക്രമണം' - ഈ രണ്ട് നോവലുകളിലും സാമ്രാജ്യത്വ  ഇടപെടലുകളും വംശീയവിദ്വേഷങ്ങളും മനുഷ്യരാശിക്കുമേല്‍ വരുത്തിവെച്ച അഗാധമായ പിളര്‍പ്പുകളും നാശനഷ്ടങ്ങളുമാണ് വിഷയമാക്കിയിരിക്കുന്നത്. യാസ്മിനാ ഖാദ്രായുടെ മൂന്നാമത്തെ നോവല്‍ 'കാബൂളിലെ നാരായണപക്ഷികള്‍' അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണവ്യവസ്ഥയെ അടയാളപ്പെടുത്തുന്നു. 


    ഗര്‍ത്തങ്ങള്‍ നിറഞ്ഞ നിരത്തുകള്‍ പരുക്കന്‍ കുന്നുകള്‍, ഗര്‍ജ്ജിക്കുന്ന തോക്കിന്‍ കുഴലുകള്‍ ഒന്നും ഇനിയൊരിക്കലും പഴയതു പോലെയാവില്ല. നഗരമതിലുകളുടെ തകര്‍ച്ച ജനങ്ങളുടെ ഹൃദയത്തിലേക്കും പടര്‍ന്നിരിക്കുന്നു. കുമിഞ്ഞു കൂടുന്ന പൊടിപടലങ്ങള്‍ അവരുടെ തോട്ടങ്ങളെ മുരടിപ്പിക്കുന്നു. കണ്ണുകള്‍ മൂടപ്പെട്ടിരിക്കുന്നു. ഹൃദയങ്ങള്‍ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. ഈച്ചകളുടെ മൂളലും മൃഗങ്ങളുടെ ചീഞ്ഞുനാറുന്ന ശവശരീരങ്ങളും നാശത്തില്‍നിന്ന് മടക്കിമില്ലെന്ന് വിളിച്ചോതുന്നു. ഈ ചീഞ്ഞഴുകല്‍ മനുഷ്യരുടെ ബുദ്ധിയിലും മനഃസാക്ഷിയിലും മരുഭൂമികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ, തെരുവിലൂടെ കടന്നുപോകുന്ന ശബ്ദവും  ആകര്‍ഷണവുമില്ലാത്ത ഭൂതങ്ങളാണ്. മനുഷ്യരുടെ സമീപമെത്തുമ്പോള്‍ ദീനരോദനം മുഴക്കുന്ന, മങ്ങിയ നീലയും മഞ്ഞയും നിറമുള്ള നാരായണപക്ഷികള്‍. അവിടെ മനുഷ്യന്‍റെ അധഃപതനം അഗാധഗര്‍ത്തത്തേക്കാള്‍ ആഴമേറിയതാണ്. സ്വന്തം ദുരിതങ്ങള്‍ മറ്റുള്ളവരില്‍ തിരിച്ചറിഞ്ഞുകൊണ്ട്, അവരുടെ ജീര്‍ണ്ണതയുമായി ഐക്യം പുലര്‍ത്തിക്കൊണ്ട്, യാതൊരു മുന്നറിയിപ്പുമില്ലാതെ തിരിച്ചറിയാനാവാത്തവിധം എല്ലാം മാറിപ്പോകാം എന്നതിന് സാക്ഷ്യം വഹിച്ചുകൊണ്ട് മനുഷ്യര്‍ ശവങ്ങളെപ്പോലെ ജീവിക്കുന്നു. 


    ഇതിലെ സുനൈറ പറയുന്നത് നോക്കൂ - 'നമ്മളിപ്പോള്‍ ഒന്നുമല്ല. നമുക്ക് ചില അവകാശങ്ങളുണ്ടായിരുന്നു. അതെങ്ങനെ സംരക്ഷിക്കണമെന്നറിയാതെ നമ്മള്‍ അത് മൊല്ലാക്കള്‍ക്ക് അടിയറവെച്ചു. പര്‍ദ്ദയണിയാന്‍ ഞാനൊരുക്കമല്ല. നെസ്സസിന്‍റെ കുപ്പായം പോലും എന്‍റെ അന്തസ്സിന് ഈ നശിച്ച വേഷത്തിന്‍റെ അത്രയും നാശമുണ്ടാക്കുകയില്ല. അത് എന്‍റെ മുഖം റദ്ദ് ചെയ്യുകയും എന്‍റെ സ്വത്വം എടുത്തുകളഞ്ഞ് എന്നെ ഒരു വസ്തുവാക്കുകയും ചെയ്യുന്നു. ചുരുങ്ങിയത്, ഈ വീടിനകത്ത് ഞാന്‍ സുനൈറയാണ്. മൊഹ്സിന്‍ റാമതിന്‍റെ ഭാര്യയാണ്. വിജ്ഞാനവിരോധികളാല്‍ വിചാരണയോ നഷ്ടപരിഹാരമോ കൂടാതെ പിരിച്ചുവിടപ്പെട്ട മുന്‍മജിസ്ട്രേറ്റ് ആണ്. ഇവിടെയെങ്കിലും എന്‍റെ മുഖം മറയ്ക്കേണ്ടതില്ല. എനിക്ക് കണ്ണാടിയില്‍ എന്‍റെ പ്രതിബിംബം കാണാന്‍ കഴിയും. ദിവസവും മുടി ചീകാനും വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കാനുമുള്ള ആത്മാഭിമാനം ഇവിടെയെങ്കിലും  ശേഷിക്കുന്നുണ്ട്.  പക്ഷേ, വീടിന് പുറത്ത് ഞാനെന്താവും?' 


    യാസ്മിനാ ഖാദ്രയുടെ ഉജ്ജ്വലമായ നോവല്‍.  ഇരുട്ടില്‍നിന്നും പിന്നിലേക്കു നോക്കുന്ന കണ്ണുകളുള്ള, വെറുപ്പുളവാക്കുന്ന മതഭ്രാന്തന്മാര്‍ കീഴടക്കിയ ആസന്നമരണങ്ങളുടെ വിളനിലമായി കാബൂള്‍ മാറിക്കഴിഞ്ഞു.  അന്ധാളിപ്പിക്കുന്ന വേഗതയില്‍ എല്ലാം കൈവിട്ടുപോവുകയാണ്. പഴയ നില തിരിച്ചുപിടിക്കാനാകാത്തവിധം സര്‍വ്വതും അപ്രത്യക്ഷമായിരിക്കുന്നു. സുനൈറ, മുസറത്ത്-രണ്ട് ഉജ്വലസ്ത്രീകഥാപാത്രങ്ങളിലൂടെയാണ് ഈ നോവലിന്‍റെ ആത്മനിവേദനങ്ങള്‍ സഞ്ചരിക്കുന്നത്. നമ്മള്‍ ഒരിക്കലും സങ്കല്പിച്ചിട്ടില്ലാത്ത നടുക്കുന്ന ഒരവസാനം, നോവലിനെ ഒരു ഉജ്ജ്വലക്ലാസ്സിക്കല്‍ കൃതിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു.About Author

Yasmina Khadra

Yasmina Khadra

About Yasmina Khadra

മുഹമ്മദ് മുള്‍സിഹോള്‍ എന്ന് യഥാര്‍ത്ഥ നാമധേയം. 1955 ജനുവരി 10ന് അള്‍ജീരിയയില്‍ ജനിച്ചു. അള്‍ജീരിയന്‍ പട്ടാള ഓഫീസറായി ഔദ്യോഗിക ജീവിതം. മിലിറ്ററി സെന്‍സര്‍ഷിപ്പ് ഒഴിവാക്കുവാനായി യാസ്മിനാ ഖാദ്രാ എന്ന തന്റെ ഭാര്യയുടെ പേര് തൂലിക നാമമായി സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം എഴുതിത്തുടങ്ങുന്നത്. ഖാദ്രായുടെ പുസ്തകങ്ങള്‍ മുപ്പത്തിമൂന്ന് ലോകഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.