Close
Welcome to Green Books India
Indrajalathinte kaalam

Indrajalathinte kaalam

Author: Ben Okri

star

ഇന്ദ്രജാലത്തിന്റെ കാലം

Add to Basket

ബുക്കർ സമ്മാനജേതാവായ നൈജീരിയൻ എഴുത്തുകാരൻ ബെൻ ഓക്രിയുടെ ഏറ്റവും പുതിയ നോവലാണ് ഇന്ദ്രജാലത്തിന്റെ കാലം. ലണ്ടണിൽ തുടക്കമിടുകയും പാരിസിൽ ചിത്രീകരിക്കുകയും ചെയ്ത ശേഷം സ്വിറ്റ്സർലാണ്ടിലെ ബാസിലിലേക്കു പോകുകയും ചെയുന്ന ഒരു സിനിമ ഡോക്യുമെന്ററി സംഘത്തിന്റെ കഥയാണിത്. അപ്രതീക്ഷിതവും അവിചാരിതവുമായ സംഘര്ഷങ്ങളിലൂടെ ജീവിതത്തെ നവീകരിക്കുകയെന്നൊരു ആശയതലത്തിലേക്കാണ് ഈ യാത്ര എത്തിച്ചേരുന്നത്. പർവ്വതങ്ങളും താഴ്വാരങ്ങളും വെള്ളച്ചാട്ടങ്ങളും തടാകവും മേഘമാലകളും നിറഞ്ഞു നിൽക്കുന്ന സ്വിറ്റ്സർലാണ്ടിലെപ്രകൃതിഭംഗിയിൽ ഗദ്യവും കവിതയും തത്വചിന്തയും മാജിക്കൽ റിയലിസത്തിന്റെ ആഖ്യാന തലങ്ങളും അടങ്ങിയ രചന.

No reviews found

ബെന്‍ ഓക്രിയുടെ ഇന്ദ്രജാലത്തിന്റെ കാലം

ബെന്‍ ഓക്രിയുടെ ഇന്ദ്രജാലത്തിന്റെ കാലം


    ബുക്കര്‍ സമ്മാനജേതാവായ ബെന്‍ ഓക്രി നൈജീരിയയില്‍ ജനിച്ച് ലണ്ടനില്‍ കഴിയുന്ന പ്രവാസ സാഹിത്യകാരനാണ്. ഗദ്യവും കവിതയും തത്ത്വചിന്തയും മാജിക്കല്‍ റിയലിസവും ആഖ്യാനരീതിയായി സ്വീകരിച്ച ''ഇന്ദ്രജാലത്തിന്റെ കാലം.'' ഒരു പോസ്റ്റ് മോഡേണ്‍ രചനയാണ്. 


    അര്‍ക്കേഡിയ ഒരു അയഥാര്‍ത്ഥ ലോകമാണ്. ഗ്രീസിന്റെ പുരാതന രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു പ്രദേശം. അവിടെ ശാശ്വതമായ ശാന്തിയും സമാധാനവും നിലനില്‍ക്കുന്നു എന്ന് സങ്കല്പം. അങ്ങനെയൊരു ഉട്ട്യോപിയയെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ പാരീസില്‍നിന്നും പുറപ്പെട്ട് സ്വിറ്റ്‌സര്‍ലാന്റ് ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന ഒരു സംഘമാണ് ഈ നോവലിന്റെ പ്രധാന കഥാതന്തു. സ്വിറ്റ്‌സര്‍ലാന്റിലെ ബാസിലില്‍ എത്തുന്ന ഈ സംഘം അവിടെയുള്ള ഒരു ചെറുപട്ടണത്തില്‍ ഏതാനും ദിവസം തങ്ങുന്നു. പ്രസ്തുത യാത്രയിലെ സംഘാംഗങ്ങളുടെ മാനസികവ്യാപാരങ്ങളാണ് ഈ നോവലിന്റെ അവിഭാജ്യഘടകം. ജീവിതത്തിന്റെ കാലുഷ്യങ്ങളും പൊരുത്തക്കേടുകളും ഒരു അര്‍ക്കേഡിയന്‍ സങ്കല്പത്തില്‍ വിചാരണ ചെയ്യുന്ന നോവല്‍. 


    പര്‍വതങ്ങളും താഴ്‌വാരങ്ങളും വെള്ളച്ചാട്ടവും തടാകവും  മേഘമാലകളും നിറയുന്ന അഭൗമമായ ഒരു പ്രകൃതി അവിടെ നിറഞ്ഞുനില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ സംഘാംഗങ്ങളുടെ വ്യത്യസ്തമായ ജീവിതരേഖകള്‍ വ്യാഖ്യാനം ചെയ്യുന്നു. ജീവിതത്തിന്റെ നിലനില്പ് എന്ന യുക്തിയെ ഇതിലെ ഓരോ ഭാഗവും വിചാരണ ചെയ്യുന്നു. കവിയും സംഘാടകനുമായ ലാവോയും അദ്ദേഹത്തിന്റെ പ്രണയിനിയും ചിത്രകാരിയുമായ മിസ്‌ലെറ്റോയുമാണ് ഈ പുസ്തകത്തിന്റെ കേന്ദ്രിത കഥാപാത്രങ്ങള്‍.


ചര്‍ച്ചകളും സംവാദങ്ങളും


ചര്‍ച്ചകളും സംവാദങ്ങളും യാത്രാസംഘത്തിലെ വ്യക്തികള്‍ അനുഭവിക്കുന്ന സംത്രാസങ്ങളും നിറഞ്ഞ ഈ പുസ്തകത്തില്‍ യാത്രയുടെ ഭൗതികതലം വളരെ കുറച്ചു മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ.


''യൗവനയുക്തരായിരിക്കുമ്പോള്‍ നാം സ്വപ്നങ്ങളുമായി യാത്ര തിരിക്കുന്നു. യാത്രാമദ്ധ്യത്തിലെത്തുമ്പോള്‍ ജീവിതത്തിന്റെ വഴി നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിയുന്നു. അപ്പോള്‍ നാം തുടക്കത്തിനെ കണ്ടുമുട്ടുന്നു. വീണ്ടും ഒരു തുടക്കമിടുന്നു.'' 
ഫിലോസഫിക്കല്‍ തലത്തിലേക്ക് ഇങ്ങനെയാണ് ഒരു സംവാദം ഇറങ്ങിവരുന്നത്.
''യാത്രയിലാണോ അതോ അതിന്റെ ലക്ഷ്യത്തിലാണോ പ്രാധാന്യം കുടിയിരിക്കുന്നത്'' എന്നത് മറ്റൊരു ചര്‍ച്ച.


''നമ്മുടെ ഉദാത്തമായ സ്വപ്നങ്ങള്‍ നമുക്ക് എങ്ങനെയാണ് നഷ്ടമാവുന്നത്?''
ഇതുപോലുള്ള തത്ത്വചിന്താമാനങ്ങളുള്ള വിഷയങ്ങളാണ് നോവലിലുടനീളം മാറി മാറി വരുന്നത്. 
എത്തിച്ചേരേണ്ട സ്ഥലത്തെക്കുറിച്ചുള്ള റെയില്‍വേ പ്ലാറ്റ്‌ഫോമിലെ ഒരു ഡിജിറ്റല്‍ ബോര്‍ഡ്  വായന തെന്നിമാറുന്നത് ''Et in Arcadia ego'' എന്ന (അര്‍ക്കേഡിയയിലെ ആട്ടിടയന്മാര്‍) എന്ന വിഖ്യാത പെയിന്റിംഗിലേക്കാണ്. അവിടെ ആട്ടിടയന്മാര്‍ ജാഗ്രതയോടെ ഒരു ശവകുടീരത്തിലെ ശിലാലിഖിതം വായിക്കുകയാണ്. 
മാജിക്കല്‍ റിയലിസം
ഒരു തീവണ്ടി ഇരുണ്ട 
പ്രകാശത്തിലേക്ക്
തെന്നിമറയുന്നു
പുല്‍മേട്ടില്‍ നിറയുന്നത് കാളക്കൂട്ടങ്ങള്‍.
വയലേലകള്‍ പാടുന്നുണ്ട്.
അതൊരു നഷ്ടസ്വപ്നത്തെകുറിച്ചാണ്.


    യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ വ്യത്യസ്ത തലങ്ങളിലൂടെയാണ് ഈ നോവല്‍ രചന രൂപപ്പെടുത്തിയിട്ടുള്ളത്. അതിനായി യാഥാര്‍ത്ഥ്യവും സ്വപ്നവും ഇടകലര്‍ന്നു കിടക്കുന്ന ആഖ്യാനമാണ് ഗ്രന്ഥകര്‍ത്താവ് സ്വീകരിച്ചിട്ടുള്ളതും. തനിക്കു സ്വായത്തമായ ആഫ്രിക്കന്‍ മിത്തുകളില്‍നിന്ന് രൂപപ്പെടുത്തിയ ക്വില്‍ഫും (കുട്ടിപ്പിശാച്) മലാസ്സോയും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു. അവര്‍ ലാവോയോട് നിരന്തരമായ ആശയവിനിമയം നടത്തുന്നുണ്ട്. അയാള്‍ക്കു മാത്രം കാണാന്‍ പറ്റുന്ന സ്വന്തം ആത്മീയതയുടെ പ്രതിനിധികളാണ് അവര്‍. വൃത്തികെട്ട ചിന്തകളുടെ ചുവപ്പന്‍കണ്ണുകളുള്ള ജീവികള്‍ ഭയത്തിന്റെ സങ്കരവര്‍ഗ്ഗങ്ങള്‍, കാമത്തിന്റെ പിളര്‍ന്ന കൊമ്പുകള്‍, അസൂയയുടെ സത്വങ്ങള്‍ എന്നിങ്ങനെ താനും തനിക്കു ചുറ്റും ഇരിക്കുന്നവരും ചുമന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും ഭീതികളും ദുഃസ്വപ്നങ്ങളും കുറ്റബോധവും പേറുന്നവരാണവര്‍.


    പാലത്തിനടിയില്‍ വെച്ച് ലാവോയെ വേര്‍പെട്ട് മിസ്റ്റ്‌ലെറ്റോ ഒരു അയഥാര്‍ത്ഥ സ്വപ്നത്തിലേക്ക് ചെന്നെത്തുന്നു. നീലനിറമുള്ള ഒരു വയലും വെളുത്ത കുതിരയും അവിടെ കാണാനാകുന്നു. ലാവോയാകട്ടെ അവളെയും പ്രതീക്ഷിച്ച് അന്ധകാരത്തില്‍ നിലകൊള്ളുകയാണ്. മറ്റൊരിടത്ത് ഒരു പുരാതന പള്ളിമേട പല നിറങ്ങളില്‍ മാറി മാറി വരുന്നതും മാജിക്കല്‍ ആഖ്യാനത്തിന്റെ തലങ്ങളാണ്. നീലനിറമണിഞ്ഞ ഭൂമിയുടെ നിഗൂഢതയിലാണ് ഈ നോവല്‍ അവസാനിക്കുന്നതും.


ഗൊയ്‌ഥെയും കാമുവും 
    ഇതിലെ സംഘാംഗങ്ങളായ ജിം വായിക്കുന്നത് കാമുവിന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങളാണ്. എങ്കില്‍ ലാവോ എപ്പോഴും ചെന്നെത്തുന്നത് ചരിത്രവും വേദാന്തവും മനഃശാസ്ത്രവും നിറഞ്ഞുനില്‍ക്കുന്ന ജര്‍മ്മന്‍ ഇതിഹാസ കൃതിയായ ഗൊയ്‌ഥെയുടെ 'ഫൗസ്റ്റി'ലാണ്. അര്‍ക്കേഡിയന്‍ യാത്ര എന്നതു തന്നെയാണ് ഈ ഗ്രന്ഥങ്ങളിലെ തത്ത്വാധിഷ്ഠിത ലോകത്തിന്റെ ഉള്ളടക്കം. 


തന്റെ പുസ്തകം ധൃതിയില്ലാതെ സാവകാശം വായിക്കൂ എന്നാണ് നോവലിസ്റ്റായ ബെന്‍ ഓക്രിയും തന്റെ വായനക്കാരോട് ആവശ്യപ്പെടുന്നത്. ഇതിലെ ഓരോ വാചകവും ചവച്ചിറക്കുവാനുള്ളതാണ്. പോസ്റ്റ് മോഡേണ്‍ നോവലായ ബെന്‍ ഓക്രിയുടെ 'ഇന്ദ്രജാലത്തിന്റെ കാലം' വ്യത്യസ്തമാകുന്നത് ഈ തലത്തിലാണ്. ഇതിനെ ഒരു അബ്‌സ്ട്രാക്റ്റ് നോവല്‍ എന്നു കൂടി വിളിക്കുന്നതില്‍ തെറ്റില്ല.ഇന്ദ്രജാലത്തിന്റെ കാലം - ബെന്‍ ഓക്രി -വിവ: എം.ജി. സുരേഷ്  നോവല്‍ 
About Author

Ben Okri

Ben Okri

About Ben Okri